Jun 15, 2011

ആണ്‍മക്കളെപ്പറ്റി ഒരു ഓര്‍മ്മപ്പെടുത്തല്‍

ചുരുണ്ട മുടിയും നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പെണ്‍കുഞ്ഞിന്റെ ചിത്രം കുറെ ദിവസങ്ങളായി വേട്ടയാടുന്നു. അവള്‍ നാലര വയസ്സുകാരി ശ്രീജ. പൂമ്പാറ്റയെപ്പോലെ പാറിനടന്നവള്‍. ജീവിതദുരിതങ്ങളും ദാരിദ്ര്യവുമൊന്നും അറിയാതെ കളിച്ചു നടന്നവള്‍. പിന്നെ ഒരു നാളില്‍ മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ച നിര്‍ജ്ജീവ ശരീരമായി നാട്ടുകാരെ മുഴുവന്‍ കരയിച്ചവള്‍. അതുകൊണ്ട് അരിശം തീരാഞ്ഞ് എന്ന മട്ടില്‍ ആ കുരുന്നു ശരീരത്തില്‍ അക്രമി ചെയ്തു വച്ച ക്രൂരതകള്‍ കണ്ട ഒരാള്‍ക്കും അന്നുറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അതിലും വലിയ ഞെട്ടലാണ് പിന്നാലെ വന്നത്. ഈ ക്രൂരതയ്ക്ക് പിടിയിലായത് വെറും പതിമൂന്നു വയസ്സുള്ള ഒരു കുട്ടി. അവന്‍ മാത്രമാണോ അതു ചെയ്തത്? അതോ മുതിര്‍ന്ന ആരുടെയെങ്കിലും കയ്യിലെ കരുവായിപ്പോയതാണോ അവന്‍? ചോദ്യങ്ങള്‍ അനവധി അവശേഷിക്കുന്നുണ്ട്. പക്ഷേ, അതൊന്നുമല്ല ഇപ്പോള്‍ പറയാനുള്ളത്. അത് നമ്മുടെ ആണ്‍മക്കളെ കുറിച്ചാണ്.

മുമ്പ് തൃശ്ശൂരില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് ശിക്ഷിക്കപ്പെട്ട 13-കാരനെ ഓര്‍മ്മയില്ലേ? തെളിവെടുപ്പിന് അവനെ കൊണ്ടുവന്നപ്പോള്‍ ജനക്കൂട്ടം അവന്റെ ചോരയ്ക്കായി ആര്‍ത്തിരമ്പി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് പോലീസ് കുറെ പഴിയും കേട്ടു. പക്ഷേ, കുട്ടിക്കുറ്റവാളികള്‍ക്കായുള്ള ജുവനൈല്‍ ഹോമില്‍ എത്തിയ അവന്‍ ആളാകെ മാറി. അവിടുത്തെ വിശാലമായ ലൈബ്രറിയായിരുന്നു അവന് അഭയം. ഹോമിലെ വായനാ മത്സരത്തില്‍ ഒന്നാമനായും കയ്യെഴുത്തു മാസികയില്‍ ഒന്നാന്തരം കവിതകളെഴുതിയും അവന്‍ ശ്രദ്ധ പിടിച്ചുപറ്റി. തൊഴില്‍ പരിശീലനത്തിനായി പോയ അവന്‍ അവിടെയും എല്ലാവരുടെയും പ്രിയപ്പെട്ടവനായി. എന്നിട്ടും വിധി അവനെ വേട്ടയാടുക തന്നെയായിരുന്നു. ആരോടും പങ്കുവയ്ക്കാനാവാത്ത വേദനകളോ കുറ്റബോധമോ എന്തൊക്കയോ ആ കുഞ്ഞുമനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നിരിക്കണം. അല്ലെങ്കില്‍ പിന്നെ അവന്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു എന്ന് ആശ്വസിച്ചിരുന്ന എല്ലാവരേയും വേദനിപ്പിച്ചുകൊണ്ട് എന്തിനാണ് അവന്‍ സ്വയം ജീവന്‍ ഒടുക്കിയത്?

മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ അവന്‍ ചില ബന്ധുക്കളുടെ വീട്ടിലായിരുന്നു വളര്‍ന്നത്. അറസ്റ്റിനു ശേഷം അവനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോലീസിലെ ചില സുഹൃത്തുക്കള്‍ പറഞ്ഞതിങ്ങനെ : അവന്‍ ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ ചെറിയ പ്രായത്തില്‍ അവന്‍ അനുഭവിക്കാത്ത പീഡനങ്ങളില്ല. മുതിര്‍ന്ന പല ചേട്ടന്മാരുടെയും കാമസംതൃപ്തിക്ക് ഏറ്റവും എളുപ്പത്തില്‍ വീണുകിട്ടുന്ന ഇരയായിരുന്ന അവന്‍. ചോദിക്കാനും പറയാനും ആരുമില്ലാത്തവന്‍. ഒരു ബിരിയാണിക്കു വേണ്ടി, ഒരു ഷര്‍ട്ടിനു വേണ്ടി, പലപ്പോഴും ഭീഷണിയും ദേഹോപദ്രവും ഭയന്ന് ഒന്നിനും വേണ്ടിയല്ലാതെ അവന്‍ അവര്‍ക്ക് വഴങ്ങി. ആര്‍ക്കും വേണ്ടാത്ത, ആരോരുമില്ലാത്ത ഒരു കുട്ടിക്ക് നമ്മുടെ സമൂഹം കാത്തുവച്ചിരിക്കുന്നതെന്തെന്ന് അറിയാന്‍ അവന്റെ അനുഭവം മാത്രം മതിയായിരുന്നു. പീഡനങ്ങളുടെ ബാല്യത്തില്‍ നിന്ന് കുറ്റവാളിയെന്നു മുദ്ര ചാര്‍ത്തപ്പെട്ട കൗമാരത്തിലൂടെ അവന്‍ മരണത്തിലേക്ക് നടന്നു നീങ്ങിയെങ്കില്‍ ആരാണ് ഉത്തരവാദി? തീര്‍ച്ചയായും ആ കുട്ടിയല്ല. അവനെ അങ്ങനെയാക്കിയവരൊക്കെ ഇന്നും നമുക്കിടയില്‍ സര്‍വ്വസ്വതന്ത്രരായി വിലസുന്നുണ്ടാവാം. അവര്‍ക്ക് പുതിയ ഇരകളെയും കിട്ടിയിട്ടുണ്ടാവാം.

പെണ്‍കുട്ടികളെക്കുറിച്ച് ആവശ്യത്തിനും അനാവശ്യത്തിനും ആശങ്കകളാണ് നമുക്ക്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്താന്‍ അഞ്ചു മിനിട്ട് വൈകിയാല്‍, ഒന്നുറക്കെ ചിരിച്ചാല്‍, അടുത്ത വീട്ടില്‍ ടി.വി കാണാന്‍ പോയാല്‍, ഇത്തിരി ഇറുകിയ വസ്ത്രം ധരിച്ചാല്‍ ഒക്കെ നമ്മള്‍ ഇടപെടുകയായി. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പോലും നമ്മള്‍ അവരെ അനുവദിക്കാറില്ല. സ്‌കൂളില്‍ ഏതെങ്കിലും കായിക വിനോദത്തില്‍ ഏര്‍പ്പെടാനോ, ഒരു നാടകത്തില്‍ അഭിനയിക്കാനോ ശാസ്ത്ര മേളയ്്ക്ക് ഒരു പ്രോജക്ട് അവതരിപ്പിക്കാനോ പോലും കഴിയുന്നതും നമ്മള്‍ അവരെ അനുവദിക്കില്ല. പൊന്‍തത്തയെ കൂട്ടിലിട്ട് സ്വര്‍ണ്ണത്താഴിട്ടു പൂട്ടി കണ്ണിമവെട്ടാതെ കാവലിരിക്കുകയാണ് നമ്മള്‍. അതിന്റെ പകുതി പരിഗണനയെങ്കിലും ആണ്‍കുട്ടികള്‍ക്കും കൊടുക്കണ്ടേ?

കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് രാജ്യത്ത് ആദ്യമായി പഠനം നടന്നത് 2007-ല്‍ ആണ്. കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 53% കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികപീഡനം അനുഭവിക്കുന്നു. ഇതില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരക്ക് തുല്യം ആയിരുന്നു. 2006-ല്‍ ചെന്നെയിലെ 2211 സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം അനുസരിച്ച് 48% ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ 39% പെണ്‍കുട്ടികളാണ് അതിനിരയായത്. അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് ഏറ്റവുമധികം പീഡനത്തിന് ഇരയാകുന്നതെന്നും ഇതില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ലൈംഗികപീഡനങ്ങള്‍ ഉള്‍പ്പടെ എല്ലാത്തരം അതിക്രമങ്ങള്‍ക്കും ഇരയാകുന്നത് പെണ്‍കുട്ടികള്‍ മാത്രമാണെന്നും അതിനാല്‍ സ്വയം സംരക്ഷിക്കാന്‍ അവരെയാണ് പ്രാപ്തരാക്കേണ്ടതെന്നും നാം വിശ്വസിക്കുന്നു. അതിനായി ജീവിതനൈപുണി പഠനം എന്ന ഓമനപ്പേരില്‍ അവര്‍ക്ക് പലതരം ക്ലാസ്സുകള്‍ നല്‍കുന്നു. സ്‌കൂളുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വനിതാ സംഘടനകള്‍ അങ്ങനെ പലരും പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നു.

ഈ നൈപുണി ആണ്‍കുട്ടികള്‍ക്കും വേണ്ടതല്ലേ? സ്വന്തം ശരീരത്തെക്കുറിച്ചും കൗമാരത്തില്‍ അതിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പെണ്‍കുട്ടികള്‍ അറിയുന്നത്ര പോലും ആണ്‍കുട്ടികള്‍ അറിയുന്നില്ല. അഥവാ അവര്‍ക്ക് എന്തെങ്കിലും വിവരം കിട്ടുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയവും ആയിരിക്കില്ല. സഹപാഠികളോ, ചേട്ടന്മാരോ, മഞ്ഞപ്പുസ്തകങ്ങളോ ഇപ്പോഴത്തെ കാലത്ത് ഇന്റര്‍നെറ്റോ ഒക്കെ നല്‍കുന്ന അബദ്ധധാരണകളോടെയാണ് അവര്‍ കൗമാരത്തെ നേരിടുന്നത്. ഈ പ്രായത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണെന്നും അതിനെ നിയന്ത്രിച്ച് സംസ്‌കാരത്തോടെ പെരുമാറുമ്പോഴാണ് മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായി മാറുന്നതെന്നും അവന് ആരാണ് പറഞ്ഞു കൊടുക്കുന്നത്? അവന്‍ വായിക്കുന്നതും സിനിമകളില്‍ കാണുന്നതും കുടുംബത്തിനുള്ളില്‍ അനുഭവിച്ചറിയുന്നതുമെല്ലാം സ്ത്രീശരീരം പുരുഷന് ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള ഒരു ചരക്ക് മാത്രമാണെന്ന പാഠമാണ്. അതങ്ങനെയല്ലെന്നും സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ ബഹുമാനിക്കണമെന്നും ആരാണ് അവന് പറഞ്ഞു കൊടുക്കുക? നമ്മുടെ പാഠപുസ്തകങ്ങളോ സിലബസ്സോ ഒന്നും ഇത്തരമൊരു സന്ദേശം നല്‍കുന്നതില്‍ വിജയിക്കുന്നില്ലെന്ന് വ്യക്തം. മതങ്ങളോ സമുദായങ്ങളോ പോലും അതു പ്രദാനം ചെയ്യുന്നില്ല.

വീടുകളില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന പാഠങ്ങളോ? കഴിഞ്ഞ ദിവസം തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ട ഒരു ദൃശ്യം ഓര്‍മ്മ വരുന്നു. ഒരു അ മ്മയും രണ്ട് മക്കളുമായിരുന്നു സഹയാത്രികര്‍. കോളേജില്‍ പഠിക്കുന്ന മകളെ പരീക്ഷ കഴിഞ്ഞ്് കൂട്ടിക്കൊണ്ടു പോവുകയാണ് അമ്മ. 12 വയസ്സ് തോന്നിക്കും മകന്. കൂട്ടത്തില്‍ മകളുടെ ചില കൂട്ടുകാരികളുമുണ്ട്. അവര്‍ ചിരിയ്ക്കുകയും പാട്ടുപാടുകയും ക്രിക്കറ്റിനെക്കുറിച്ച് ആവേശപൂര്‍വ്വം സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ പ്രായത്തിലുള്ള ഏതു കുട്ടികളെയും പോലെ സ്മാര്‍ട്ടായ ഒരു സംഘം. അതിരു കവിഞ്ഞ ബഹളമോ മോശമായ പെരുമാറ്റമോ ഒന്നുമില്ല. പക്ഷേ, ഇതൊന്നും ആദ്യം മുതലേ അനിയന്് രസിക്കുന്നുണ്ടായിരുന്നില്ല. യാത്ര തുടങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാവും. ഈ കുഞ്ഞു ചെക്കന്‍ എഴുനേറ്റു നിന്ന് ചേച്ചിയുടെ നേരെ ഒരു അലര്‍ച്ച, 'നിന്നോടല്ലേ പറഞ്ഞിട്ടുള്ളത് ഉറക്കെ ചിരിക്കരുതെന്ന്.' ആ പെണ്‍കുട്ടിയേക്കാള്‍ 6-7 വയസ്സിനെങ്കിലും ഇളയാതായിരിക്കും അവന്‍. പെണ്‍കുട്ടിയുടെ മുഖത്തു തെളിഞ്ഞ ഭയം കണ്ടപ്പോള്‍ അമ്പരന്ന് പോയി. കേട്ടിരിക്കുന്ന അമ്മയാവട്ടെ ഒരക്ഷരം മിണ്ടുന്നില്ല. ആ കുടുംബത്തില്‍ സ്്്ത്രീയ്ക്കുള്ള സ്ഥാനമെന്തെന്ന് വ്യ്ക്തമാകാന്‍ കൂടുതല്‍ ഒന്നും വേണ്ടല്ലോ. തരം കിട്ടിയാല്‍ അവന്‍ അമ്മയോടും ഇങ്ങനെ തന്നെ പെരുമാറുമായിരിക്കും. സ്വന്തം അമ്മയേയും മുതിര്‍ന്ന സഹോദരിയേയും ബഹുമാനിക്കാന്‍ പഠിക്കാത്തവന്‍ എങ്ങനെ സമൂഹത്തിലെ മറ്റുള്ളവരെ ബഹുമാനിക്കും?

തീവണ്ടി മുറിയില്‍ സൗമ്യയെ ആക്രമിച്ച ഗോവിന്ദച്ചാമിയെക്കുറിച്ച് ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു: 'അമ്മയുടെ മുഖത്ത് നോക്കി നിഷ്‌കളങ്കമായി ചിരിച്ചു കളിച്ചു കിടന്ന ഒരു ഗോവിന്ദന്‍ ഉണ്ടാവുമല്ലോ. അവന്‍ എങ്ങനെ ഇങ്ങനെ ആയി എന്ന് ആരും തിരക്കാത്തതെന്താണ്.' ആ ചോദ്യം ഹൃദയത്തില്‍ തറച്ചതു പോലെ തോന്നി. ഇന്ന് നമ്മുടെ നെഞ്ചോട് ചേര്‍ന്നുറങ്ങുന്ന ഏതൊരു ആണ്‍കുട്ടിയും നാളെ ഒരു ക്രിമിനല്‍ ആയി മാറാം. സ്വര്‍ണ്ണവും ബൈക്കും മൊബൈലും ഒക്കെ മോഷ്ടിക്കുന്ന കുട്ടിക്കുറ്റവാളികളെക്കുറിച്ച് പതിവായി വാര്‍ത്തകള്‍ വരുന്നുണ്ട്. അവരും ഏതെങ്കിലും അമ്മയുടെയും അച്ഛന്റേയും ഓമനമക്കള്‍ ആയി വളരുന്നവരാകില്ലേ? രാവിലെ അമ്മ ഉരുട്ടിക്കൊടുത്ത ചോറുണ്ട്, അച്ഛന്‍ ഇസ്തിരിയിട്ടു കൊടുത്ത യൂണിഫോമുമിട്ട് സ്‌കൂളിലേക്ക് പോകുന്നവന്‍ വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ കുറ്റവാളികളുടെ കൂട്ടത്തില്‍. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ നയിക്കാവുന്ന സാഹചര്യങ്ങള്‍ ധാരാളമുണ്ടിപ്പോള്‍. ഈസി മണി എന്നത് ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രത്യയ ശാസ്ത്രമാകുമ്പോള്‍ ഏറ്റവും വേഗത്തില്‍ വീഴുന്ന ഇരകളും കുട്ടികളായിരിക്കും. നിയമങ്ങളെയും വരുംവരായ്കകളേയും കുറിച്ചുള്ള അജ്ഞതയും എന്തും പരീക്ഷിച്ചു നോക്കാനുള്ള സഹജമായ ജിജ്ഞാസയും സാഹസികതയും ചേരുമ്പോള്‍ അവര്‍ വളരെ വേഗം കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നു. പൊതു സമൂഹത്തില്‍ അവര്‍ക്ക് മാതൃകയാക്കാവുന്ന ആദര്‍ശവാന്മാരുടെ എണ്ണം കുറഞ്ഞു വരിക കൂടി ചെയ്യുമ്പോള്‍ ചിത്രം പൂര്‍ണ്ണം.

പക്ഷേ, നമുക്ക് നമ്മുടെ ആണ്‍മക്കളെ ഇങ്ങനെ വിട്ടാല്‍ മതിയോ? ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാനേജ്‌മെന്റ് വിദഗ്ധരും ഒക്കെ ആക്കുന്നതിനൊപ്പം അവരെ നല്ല മനുഷ്യര്‍ കൂടി ആക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കില്ലേ? അതോ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെയും ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനിടെ സാരി അല്പം നീങ്ങിപ്പോയ അധ്യാപികയുടെയും നഗ്നത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഞരമ്പു രോഗികളായി അവര്‍ വളര്‍ന്നോട്ടെ എന്നു വയ്്ക്കണോ? മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി സ്വന്തം അച്ഛനമ്മമാരെപ്പോലും ഉപദ്രവിക്കാന്‍ മടിയില്ലാത്തവരായി അവര്‍ വളരണോ? അയല്‍വക്കത്തെ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തുന്ന നരാധമന്മാരായി അവര്‍ മാറണോ? ശ്രീജയുടെ മരണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പെണ്‍കുഞ്ഞുങ്ങളുടെ എന്ന പോലെ ആണ്‍കുഞ്ഞുങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. സുഗതകുമാരി ടീച്ചര്‍ പറഞ്ഞതു പോലെ നല്ല ആങ്ങളമാരുടെ വംശം കുറ്റിയറ്റു പോകാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍.


കടപ്പാട് : എന്‍ സുസ്മിത
susmithn@gmail.com

No comments:

Post a Comment