അമ്മ ഒരു മണമാണ്. മോരു കൂട്ടി കുഴച്ച ചോറുരളയുടെ. കഞ്ഞിമുക്കി ഉണക്കിയ സെറ്റുമുണ്ടിന്റെ. ക്യൂട്ടിക്കൂറ പൗഡറിന്റെ. കാച്ചിയ എണ്ണയുടെ. ഓഫീസ് ജോലി കഴിഞ്ഞ് അമ്മ എത്താന്‍ കാത്തു കിടന്ന എത്രയോ പകലുകളില്‍ ആ മുണ്ടിന്റെ മണം മാത്രമായിരുന്നു ആശ്വാസം. വൈകിട്ട് ഗേറ്റ് തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അറിയാം അമ്മ എത്തിയെന്ന്. അപ്പോള്‍ തുടങ്ങും സഹിക്കാനാവാത്ത വിശപ്പ്. അമ്മയുടെ ബാഗില്‍ ഒന്നു മുങ്ങിത്തപ്പിയാല്‍ എന്തെങ്കിലും തടയുമെന്ന് ഉറപ്പ്. ചിലപ്പോള്‍ ഓഫീസ് കാന്റീനില്‍ നിന്ന് പഴം പൊരി. അല്ലെങ്കില്‍ വറുത്ത കടലയുടെ ഒരു പൊതി. പനിച്ചു പൊള്ളിക്കിടന്ന രാത്രികളില്‍ ഒരു നനഞ്ഞ തുണിക്കഷ്ണമായി, വാശി പിടിച്ചു കരഞ്ഞ വേളകളില്‍ മാറോടടക്കിപ്പിടിച്ച സാന്ത്വനമായി, വഴി അറിയാതെ കുഴങ്ങിയപ്പോഴൊക്കെ നേര്‍വഴിയുടെ വെളിച്ചമായി അമ്മ.
ഇടയ്‌ക്കൊക്കെ തല്ലിയും നുള്ളിയും വഴക്കുപറഞ്ഞുമൊക്കെ ഇത്തിരി വേദനിപ്പിക്കാതിരുന്നിട്ടില്ല. എന്നെക്കാളിഷ്ടം അമ്മയ്ക്ക് ചേച്ചിയെ ആണല്ലേ എന്നു പറഞ്ഞു ചിണുങ്ങുമ്പോള്‍ നിനക്ക് വേറെ പണിയൊന്നുമില്ലേ എന്നു ചോദിച്ച് തലതിരിച്ചു നടക്കാതെ ഇരുന്നിട്ടുമില്ല. വലുതാവുമ്പോള്‍ അമ്മയെപ്പോലെ കാര്യപ്രാപ്തിയും തന്റേടവും സ്‌നേഹവും വാത്സല്യവും ഒക്കെയുള്ള ഒരാള്‍ ആവണമെന്നായിരുന്നു സ്വപ്നം. അങ്ങനെയൊന്നും ആയില്ലെന്ന് ഇപ്പോഴും കുറ്റബോധവും.
വലുതാകുമ്പോള്‍ നമുക്ക് ആ അമ്മയെ കളഞ്ഞു പോവുന്നുണ്ടോ? അമ്മയോട് കുഴച്ചുരുട്ടിയ ഒരുരുള ചോറു ചോദിക്കാന്‍ ഇപ്പോള്‍ നാണമാണ്. അമ്മയുടെ പഞ്ഞി പോലുള്ള വയറില്‍ തല വച്ചു കിടക്കാന്‍, കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍, കഴുത്തില്‍ തൂങ്ങി ഉപ്പിന്‍ചാക്ക് കളിക്കാന്‍ ഒക്കെ ഇപ്പോഴും കൊതിയുണ്ട്. പക്ഷേ, നടക്കാറില്ലെന്നു മാത്രം. ഇനി അഥവാ ഇത്തിരി നേരം അമ്മയോട് കൊഞ്ചാമെന്ന് വച്ചാലോ അപ്പോഴെത്തും കുട്ടിപ്പട്ടാളം. അവരുടെ മുത്തശ്ശിയുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ മറ്റാര്‍ക്കെങ്കിലും അവകാശമുണ്ടെന്ന് അവരെങ്ങനെ സമ്മതിച്ചു തരും. അന്നൊന്നും അമ്മമാര്‍ക്കായി നീക്കിവച്ച പ്രത്യേക ദിവസമൊന്നും ഇല്ലായിരുന്നു. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ വര്‍ഷത്തില്‍ ഒരു ദിവസം വേണമെന്നു തന്നെ അന്നാര്‍ക്കും തോന്നിയിട്ടില്ലായിരിക്കും. കാലം മാറിയില്ലേ. ഇന്ന് വൃദ്ധസദനങ്ങളില്‍ എത്തപ്പെടുന്നവരില്‍ ഭൂരിപക്ഷവും അമ്മമാരാണ്. ചിലരൊക്കെ സ്വന്തം ഇഷ്ടപ്രകാരം വന്നുചേരുന്നവര്‍. ജീവിതത്തിന്റെ അവസാന കാലത്തെങ്കിലും സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന് കൊതിച്ചു വന്നുചേരുന്നവര്‍. ബഹുഭൂരിപക്ഷവും മക്കള്‍ക്ക് നോക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് ഇവിടെ നടതള്ളപ്പെടുന്നവര്‍.
പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യത്തെ രണ്ടുകൊല്ലം ഞാന്‍ കഴിഞ്ഞത് ഒരു വൃദ്ധ സദനത്തിലായിരുന്നു. രാത്രിഷിഫ്റ്റുകളെ ഭയപ്പെട്ടിരുന്ന ലേഡീസ് ഹോസ്റ്റലുകളൊന്നും താമസസൗകര്യം തരാത്തതു കൊണ്ടായിരുന്നു ആ സാഹസം. അവിടെ ഒരു അമ്മയുണ്ടായിരുന്നു. അവരുടെ മകന്‍ ആ നഗരത്തില്‍ തന്നെ നല്ല നിലയില്‍ കുടുംബ സമേതം കഴിയുന്നു. എന്നിട്ടും ഓണത്തിനോ വിഷുവിനോ പോലും അമ്മയെ ഒന്നു കാണാന്‍, വിളിച്ചു കൊണ്ടുപോയി ഒരില ചോറു കൊടുക്കാന്‍ ആ മകന്‍ വരാറില്ലായിരുന്നു. പക്ഷേ, അതേക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അമ്മ മകന്റെ പക്ഷം പിടിക്കും. എത്ര നിസ്വാര്‍ഥവും നിരുപാധികവുമാണ് അമ്മയ്ക്ക് മകനോടുള്ള സ്‌നേഹമെന്ന് തിരിച്ചറിഞ്ഞത് അന്നാണ്.
ഒരു മാതൃദിനം കൂടി കടന്നുപോയി. സെമിനാറുകളും ഇ-മെയിലുകളും എസ്.എം.എസുകളും പൊടിപൊടിച്ചു. സ്വര്‍ണ്ണക്കടകള്‍ മുതല്‍ ബേബിഫുഡ് നിര്‍മ്മാതാക്കള്‍ വരെ മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണാഭമായ പരസ്യങ്ങള്‍ പുറത്തിറക്കി. പക്ഷേ, വാസ്തവം ഇതിനൊക്കെ അപ്പുറത്താണ്. സുരക്ഷിത മാതൃത്വത്തിന്റെ കാര്യത്തില്‍ ലോകത്തെ 79 അവികസിത രാജ്യങ്ങളില്‍ 75-ാം സ്ഥാനത്താണത്രേ ഇന്ത്യ. പല ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും പിന്നില്‍. സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ക്യൂബയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു പടി താഴുകയാണുണ്ടായത്. ബോട്‌സ്വാനയും കാമറൂണും കോംഗോയും പോലുള്ള രാജ്യങ്ങള്‍ പോലും നമ്മളെക്കാള്‍ മുന്നില്‍. പാകിസ്ഥാന്‍ ഇന്ത്യയെക്കാളും താഴെയാണെന്ന് വേണമെങ്കില്‍ ആശ്വസിക്കാം.
റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 53 ശതമാനം പ്രസവങ്ങള്‍ മാത്രമാണ് പരിശീലനം കിട്ടിയ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടക്കുന്നത്. സ്ത്രീകളുടെ പ്രതീക്ഷിത ആയുസ്സ് 66 വയസ്സ് മാത്രം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 48 ശതമാനം കടുത്ത തൂക്കക്കുറവുള്ളവരാണ്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് 68,000 സ്ത്രീകളാണ് ഒരു വര്‍ഷം നമ്മുടെ നാട്ടില്‍ മരിക്കുന്നത്. സമൂഹം സ്ത്രീക്കു നല്‍കുന്ന സ്ഥാനത്തിന്റെ ഏറ്റവും നല്ല തെളിവ് ഗര്‍ഭിണികളുടെ ആരോഗ്യമാണ്. കാരണം ജീവിതത്തില്‍ മറ്റൊരിക്കലും അത്രയും പരിഗണന സ്ത്രീയ്ക്ക് കിട്ടുന്നതേയില്ല. അക്കാലത്ത് തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യയിലെ അമ്മമാരുടെ പൊതുവിലുള്ള സ്ഥിതി എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ സ്ത്രീ ആരോഗ്യവതിയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നവളുമായിരിക്കുക എന്നതാണ് അതില്‍ പ്രധാനം. ഓരോ ഗര്‍ഭകാലത്തും പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പരിചരണം ലഭ്യമായിരിക്കുക, പ്രസവസമയത്ത് ഡോക്ടര്‍, നഴ്‌സ്, മിഡ് വൈഫ് മുതലായവരുടെ സേവനം ലഭ്യമായിരിക്കുക, എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ ഉണ്ടെങ്കില്‍ പ്രത്യേക ചികിത്സ ലഭിക്കാന്‍ സൗകര്യമുണ്ടായിരിക്കുക, പ്രസവത്തിന്റെ ആദ്യ 24 മണിക്കൂര്‍, ആദ്യ ആഴ്ച, ആറാമത്തെ ആഴ്ച എന്നീ സമയങ്ങളില്‍ അമ്മയ്്ക്കും കുഞ്ഞിനും വൈദ്യപരിശോധന ലഭ്യമാകുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതൊന്നുമില്ലാതെ വഴിയരികില്‍ പ്രസവിച്ച് പൊക്കിള്‍ക്കൊടി കടിച്ചുമുറിച്ച് വരണ്ടുതൂങ്ങിയ മുലയില്‍ നിന്ന് ഒരു തുള്ളി പാലെങ്കിലും കുഞ്ഞിന് കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരു ജീവനെ വരവേല്‍ക്കേണ്ടി വരുന്ന അമ്മമാരെ ആരെങ്കിലും ഈ അമ്മദിനത്തില്‍ ഓര്‍ത്തോ ആവോ. കൗമാരം വിടും മുമ്പേ അമ്മയാകാന്‍ വിധിക്കപ്പെട്ട് അകാലത്തില്‍ വാര്‍ധക്യത്തിന് കീഴ്‌പെടുന്ന കുഞ്ഞുങ്ങളെ ആരെങ്കിലും ഓര്‍ത്തോ ആവോ. മൃതശരീരം പോലും ഏറ്റെടുക്കാന്‍ ആളില്ലാതെ പാതയോരത്തും വൃദ്ധസദനങ്ങളിലും എരിഞ്ഞുതീരുന്ന അമ്മമാരെ ആരെങ്കിലും ഓര്‍ത്തോ ആവോ. അവര്‍ക്കായി സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ, നന്ദിയുടെ ഒരു തിരി നീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ ഈ അമ്മദിനത്തിന് എന്തു പ്രസക്തി?
കടപാട് : സുസ്മിത
susmithn@gmail.com
Good one !
ReplyDeletekeep writing. All the best.
Mattoos,
ReplyDeleteI skipped through your old posts.
I wonder, how can an educated person like you debate with baseless statements ! I could never see any sensible and reasonable arguments which could atleast make someone to respect your words. Be open and accept others if your sense says it is the truth. Defense with your own fabricated justification to any, will make you more defamation which is the law of the Truth and the system of Allah. Truth is one only and it is designed to be prevail.
remember always;
They plot a plan and Allah too plans, Allah is the best planner (Qur_an)