Jun 10, 2010

പൂവണിഞ്ഞ സ്വപ്നം മൂന്നാം ഭാഗം

പെങ്ങളുടെ മുഖമാണ് ആദ്യം തന്നെ ഗള്‍ഫില്‍ നിന്നും ഉറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ..എന്തായാലും മോശമാവില്ല ..അവള്‍ പണ്ടേ വീട്ടിലെ വിളക്കാണ്..

എഴുന്നെല്‍ക്ക് ...മണി ആറായി ....വേഗം പോയി കുളിച്ചു റെഡിയാവൂ ..അപ്പോഴേക്കും നല്ല ദോശ ഉണ്ടാക്കിത്തരാം ..

ക്ഷീണം മാറിയിട്ടില്ല ..എന്നാലും എഴുല്‍ക്കുക തന്നെ ..ഇവളുടെ വാക്ക്‌ കേട്ടാല്‍ തോന്നും ദോശ തിന്നാനാണ് ഗള്‍ഫിലേക്ക് വന്നതെന്ന് ..പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും എല്ലാവരും റെഡിയായി കാത്തു നില്‍ക്കുന്നുണ്ട് .

അളിയന്‍ : വാ എന്തെങ്കിലും കുറച്ചു കഴിക്കാം

അനസ്‌ :ഏഴു മണിക്ക് മുന്നേ ബ്രേക്ക്‌ഫാസ്റ്റ്‌ കഴിക്കാന്‍ എനിക്ക് കഴിയില്ല ..

അളിയന്‍ : അതൊക്കെ ഇനി ശീലമായിക്കോളും

ഹമ്മോ ..ഇങ്ങനെയാണെങ്കില്‍ ഇനി എന്തല്ലാം ശീലമാക്കേണ്ടി വരും ..കണ്ടു തന്നെ അറിയണം ..

അവിടെ നിന്നും പെങ്ങളോടു യാത്ര പറഞ്ഞു പോവാന്‍ നേരത്ത് പെങ്ങളുടെ വക ചെറിയ ചെറിയ ഉപദേശങ്ങള്‍ ..

അവിടെ ചെന്നാല്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറണം ..ആരോടും ദേശ്യപ്പെടരുത് ..എന്ത് പറഞ്ഞാലും ആര് പറഞ്ഞാലും തിരിച്ചു ഒന്നും പറയാന്‍ നില്‍ക്കേണ്ട ..എല്ലാ പണിയും കണ്ടറിഞ്ഞു ചെയ്യണം ..ആരോടും അടി കൂടരുത് ..ഇവിടെ അടി കഴിഞ്ഞാല്‍ കൊടുത്തവനും കൊണ്ടവനും രണ്ടാളും ക്യാന്‍സല്‍ ആവും ..എന്താവിശ്യമുണ്ടെങ്കിലും വിളിക്കാന്‍ മറക്കരുത് എന്നും പറഞ്ഞു നൂറു ദിര്‍ഹംസും കയ്യില്‍ തന്നു...

ഹോ കാര്യം അനുജത്തിയാണെങ്കിലും ഗള്‍ഫില്‍ വന്ന ശേഷം വളരെ പക്വത കൈവന്നു എന്നാണു തോന്നുന്നത് ..

ഇനിയും വരാമെന്നു പറഞ്ഞു അവിടെ നിന്നും യാത്ര തിരിച്ചു ..

കാറില്‍ എ സി വളരെ തണുപ്പ് കുറച്ചാണ് വെച്ചിരിക്കുന്നതെന്നു തോന്നുന്നു ..ഇന്നലെ തണുക്കുന്നു എന്നു പറഞ്ഞതിനാലായിരിക്കണം ...

അളിയന്‍ വീണ്ടും ഓരോ സ്ഥലങ്ങള്‍ പറഞ്ഞു തരാന്‍ തുടങ്ങി ..ഇതാണ് സെന്‍ട്രല്‍ ഹോസ്പിടല്‍ ..ഇവിടെ നിന്നുമാണ് മെഡിക്കല്‍ എടുക്കേണ്ടത് ...കുറച്ചു കഴിഞ്ഞപ്പോള്‍ അളിയന്‍ ജ്യെഷ്ടനോട് ചോദിക്കുന്നത് കേട്ടു ..പഴയ മാര്‍ക്കെന്റിന്റെ അടുത്തല്ലേ ..അതെ...എന്ന് ജ്യേഷ്ടനും

അപ്പോള്‍ അളിയനും എന്റെ ജോലി സ്ഥലം അറിയില്ലേ ..ഇല്ല എന്നാണു തോന്നുന്നത് ..ഇല്ലങ്കില്‍ ഇങ്ങനെ ചോദിക്കുമായിരുന്നോ ...ജ്യേഷ്ടന്‍ പറഞ്ഞു കൊടുത്ത വഴികളിലൂടെ അളിയന്‍ വണ്ടി വളരെ സാവധാനം ഓടിക്കുന്നു ..അളിയന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ത് പറ്റി ..ചോദിക്കുക തന്നെ ...അത് മനസ്സിലായെന്നവണ്ണം അളിയന്‍ പറഞ്ഞു ..

ഇവിടെ ഇപ്പോള്‍ മുഴുവനും ക്യാമറകളാണ് ..ഫൈന്‍ ഏതു രൂപത്തിലാണ് വരുന്നതെന്നറിയില്ല ..അതിനാല്‍ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു ...

കാര്യം മനസ്സിലായി അളിയന് ഫൈന്‍ കിട്ടിയിട്ടുണ്ടാവും ..അതാ ഈ പേടി ...

ജ്യേഷ്ടന്‍ : അതാ ആ മൂന്നാമത്തെ ബില്‍ഡിങ്ങിന്റെ അടുത്ത് നിറുത്തു ..

അളിയന്‍ വണ്ടി പാര്‍ക്കിങ്ങില്‍ കയറ്റി ..

ജ്യേഷ്ടന്‍ ; ഇതാണ് ഷോപ്പ്

ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല ..അപ്പോഴേക്കും ഇവിടെ എത്തി ..നല്ല അടിപൊളി ഷോപ്പ് ..സമയം എട്ടാവാന്‍ പോവുന്നു ..എട്ടു മണിക്കാണ് ഷോപ്പ് തുറക്കുന്നത് ..ഒരു അടിപൊളി ഷോപ്പ് തന്നെ ..പുറമേ നിന്നും ഉള്ളു മുഴുവനും കാണാന്‍ സാധിക്കുന്നുണ്ട് ..ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് ...

അപ്പോള്‍ ഒന്ന് ഉറപ്പായി എനിക്ക് ഒരു ബന്ധവുമില്ലാത്ത ഒരു മേഘലയാണ് ...

അപ്പോഴേക്കും അളിയന് പോവാന്‍ സമയമായി എന്നും പറഞ്ഞു ഒരു നൂറു ദിര്‍ഹംസ് എനിക്ക് തന്നു..എന്നിട്ടൊരു ഉപദേശവും ..അനാവിശ്യമായി ചിലവാക്കരുത് ...

എന്തോന്ന് അനാവിശ്യം ..ആവിശ്യം എന്താണെന്ന് പോലും ഇതുവരെ മനസ്സിലായിട്ടില്ല ..എന്നിട്ടല്ലേ അനാവിശ്യം ..

ഇനി കാര്യങ്ങളൊക്കെ ജ്യെഷ്ടനോട് തന്നെ ചോദിക്കാം ..

അനസ്‌ : അല്ല ..ഞാനെന്താണ് ഇവിടെ ചെയ്യേണ്ടത് ?

ജ്യേഷ്ടന്‍ : ഇത് ഒരു ഫര്‍ണിച്ചര്‍ ഷോപ്പാണ് .രാവിലെ എട്ടു മണിക്കാണ് തുറക്കേണ്ടത് ഇവിടെ വരുന്ന എല്ലാ ഫോണ്‍കോളുകളും നീ തന്നെ അറ്റന്‍ഡ് ചെയ്യണം ഉച്ചക്ക് ഒരു മണിക്ക് ഷോപ്പ് അടച്ച് നിനക്ക് റൂമില്‍ പോവാം .വീണ്ടും വൈകുന്നേരം നാല് മണിക്ക് തുറന്നു രാത്രി ഒന്‍പതു മണിക്ക് നിനക്ക് ഫ്രീയാവാം.

അനസ്‌ : അതിനു എനിക്ക് ഭാഷ അറിയില്ലല്ലോ ?

ജ്യേഷ്ടന്‍ : നിനക്ക് അത്യാവിശ്യം കുറച്ചു ഇംഗ്ലീഷ് അറിയാമല്ലോ ..അത് തന്നെ ധാരാളമാണ്

അനസ് : അപ്പോള്‍ അറബിയൊന്നും വേണ്ടേ ?

ജ്യേഷ്ടന്‍ ; അറബിയൊക്കെ പിന്നെ സംസാരിക്കാം ..ആദ്യം നീ ഇംഗ്ലീഷ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ ..അവര്‍ക്കൊക്കെ നന്നായി ഇംഗ്ലീഷ് അറിയാം ..ഇനി നീ പറയുന്നത് അവര്‍ക്ക് മനസ്സിലാവുമോ എന്തോ .. മലയാളം ഇംഗ്ലീഷ് ആക്കി മാറ്റരുത് ..ഗ്രാമര്‍ തെറ്റിയാലും എന്തെങ്കിലും പറഞ്ഞു ഒപ്പിക്കണം ..ഇതൊക്കെ തന്നെയാ മോനെ ഗള്‍ഫ്‌

അനസ്‌ : എവിടെയാ താമസിക്കേണ്ടത് .?

ജ്യേഷ്ടന്‍ : ഇവിടെ അടുത്ത് തന്നെയാണ് ഒരു രണ്ടു കിലോമീറ്റര്‍ നടക്കേണ്ടി വരും .നിനക്ക് തടിക്കും നല്ലതാണ് ..ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടന്നാല്‍ ഒരു അസുഖവും ഉണ്ടാവില്ല ..ദിവസം എട്ടു കിലോമീറ്റര്‍ നടക്കാമല്ലോ ..ഹ ഹ ഹ .

അനസ്‌ : ചിരിച്ചോ ചിരിച്ചോ ..നാട്ടില്‍ മര്യാദയ്ക്ക് ഇതുവരെ ഒരു കിലോമീറ്റര്‍ ഞാന്‍ നടന്നിട്ടില്ല ..

ജ്യേഷ്ടന്‍ : സാരമില്ല ഒക്കെ ശരിയാവും ..ആദ്യത്തെ ശമ്പളം കിട്ടിയാല്‍ ഒരു സൈക്കിള്‍ വാങ്ങിയാല്‍ മതി ...ഇല്ലങ്കില്‍ അവിടെ ഷോപ്പിന്റെ അടുത്ത് ഒരു ബെഡ് സ്പേസ് കിട്ടുമോ എന്ന് നമുക്ക് പിന്നീട് അന്വേഷിക്കാം ..

റൂമില്‍ നീയടക്കം ആറു പേരുണ്ടാവും ..ഒക്കെ കാസറഗോഡ്കാരാണ് ..നിനക്ക് ഇഷ്ട്ടപ്പെടും ..നല്ലവരാ .....

അവിടെ എല്ലാം ഞാന്‍ റെഡിയാക്കി വെച്ചിട്ടുണ്ട് .അവിടെ ചെന്നാല്‍ നിനക്ക് എല്ലാം മനസ്സിലാവും ..

പിന്നെ മെസ്സില്‍ പൈസ കൊടുത്തിട്ടുണ്ട്‌ ..ഉച്ചക്കും രാത്രിയും നിനക്ക് അവിടെ ഭക്ഷണം കൊണ്ട് തരും ..രാവിലെ ഇവിടെ അടുത്ത് തന്നെ ഒരു ഹോട്ടല്‍ ഉണ്ട് അവിടെ നിന്നും എന്തെങ്കിലും കഴിച്ചാല്‍ മതി .ചായ വേണമെങ്കില്‍ എത്ര വേണമെങ്കിലും ഷോപ്പില്‍ നിന്നും തന്നെ നിനക്ക് ഉണ്ടാക്കി കുടിക്കാം ..കൂട്ടത്തില്‍ അവര്‍ക്കും ഉണ്ടാക്കി കൊടുക്കേണ്ടി വരും ..

അനസ് : ചുരുക്കി പറഞ്ഞാല്‍ ഓഫീസ്ബോയ്‌ ആയിട്ടാണ് എന്റെ പ്രമോഷന്‍ അല്ലെ ..

ജ്യേഷ്ടന്‍ ഉറക്കെ ചിരിച്ചു ..ഇത് തന്നെ ഒപ്പിക്കാന്‍ ഞാന്‍ പെട്ടപാട് എനിക്ക് മാത്രമേ അറിയുകയുള്ളൂ ...

പെട്ടെന്ന് ഒരു ബി എം ഡബ്യു കാറ് ഞങ്ങളുടെ അടുത്ത് നിറുത്തി ...ഡാര്‍ക്ക്‌ കൂളിംഗ് ആയതിനാല്‍ ഉള്ളില്‍ ഒന്നും കാണാന്‍ പറ്റുന്നില്ല ...

ജ്യേഷ്ടന്‍ എന്തിനോ തയ്യാറായത് പോലെ തോന്നി ..കാറിന്റെ ഗ്ലാസ്‌ പതുക്കെ താഴാന്‍ തുടങ്ങി ...

ഒരു അറബി സുന്ദരി ..ഇവരുടെ മുന്നില്‍ നമ്മുടെ സിനിമാനടിമാര്‍ ഒന്നുമല്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ...

ഹല്ലോ അനസ്‌ ..അസ്സലാമു അലൈക്കും ഹൌ ആര്‍ യു

അനസ്‌ ഞെട്ടിപ്പോയി ..എന്നോട് തന്നെയാണോ ..എന്നെ ഇവര്‍ക്കെങ്ങിനെ അറിയാം ..

ജ്യേഷ്ടന്‍ എന്നെ നോക്കി എന്തോ പറയുന്നുണ്ട് ..ഇവരാണ് നിന്റെ മൊതലാളി ...തിരിച്ചു വിഷ് ചെയ്യ്

അനസ് : വാ അലൈക്കുമുസ്സലാം .അയാം ഫൈന്‍ , താങ്ക് യു ..

അവര്‍ ഒരു താക്കോല്‍ അനസിന്റെ കയ്യില്‍ കൊടുത്തിട്ടു ഷോപ്പ് തുറക്കാന്‍ പറഞ്ഞു ..

അനസ്‌ താക്കോലും വാങ്ങി ജ്യേഷ്ഠനെ നോക്കി ..അവനും തലയാട്ടി ..

എന്റെ ജോലി തുടങ്ങിയോ ..ഇങ്ങനെയാണോ ഇവിടെയൊക്കെ ..എന്തായാലും തുറക്കാം ..തിരിഞ്ഞു നോക്കുമ്പോള്‍ ജ്യേഷ്ഠനും

അവരും കൂടി അവിടെ നിന്നും സംസാരിക്കുന്നുണ്ട് ...

തുറന്നു ഉള്ളില്‍ ‍ ഭയങ്കര തണുപ്പ് ..എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ അവര്‍ രണ്ടാളും കൂടി ഷോപ്പിലേക്ക് വന്നു ..അവര്‍ നേരെ ഓഫീസിലേക്കാണ് പോവുന്നത് ..പോവുന്ന സമയത്ത് കുറെ സ്വിച്ചുകള്‍ ഓണാക്കി ..അവിടെമാകെ പ്രകാശപൂരിതമായി ..നിറയെ ഫര്‍ണിച്ചറുകള്‍ , കര്‍ട്ടനുകള്‍ ..ഒക്കെ വെട്ടി തിളങ്ങുന്നു ..ജ്യേഷ്ടന്‍ പുറത്തേക്കു വന്നിട്ട് പറഞ്ഞു നിന്നെ പറ്റി ഞാന്‍ വളരെ കൂടുതലാണ് സിവിയിലോക്കെ എഴുതിയിട്ടുള്ളത് ..അതിനാല്‍ അതിനനുസരിച്ച് പെരുമാറണം ..കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചിട്ടുണ്ട് എന്നൊക്കെയാണ് പറഞ്ഞത് ..ചിലപ്പോള്‍ അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയണം നീ കമ്പ്യൂട്ടര്‍ പഠിച്ചിരുന്നല്ലോ ...ഇല്ലേ ..

അനസ് : ഇല്ല അന്ന് പഠിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മുങ്ങി നടന്നു ..ആ സമയത്ത് കുറച്ചു പണിയും കൂടുതല്‍ ഉണ്ടായിരുന്നു ..അതിനാല്‍ ഒന്നും നടന്നില്ല ..എന്നാലും ഒണാക്കാനും ഒഫാക്കാനുമൊക്കെ അറിയാം ..

ജ്യേഷ്ടന്‍ തലയില്‍ കൈ വെച്ചു പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ചു .

സാരമില്ല ..ഞാന്‍ കുറച്ചു പഠിപ്പിച്ചു തരാം ..അതുവരെ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ മനസ്സിലാവാതതുപോലെ അഭിനയിച്ചാല്‍ മതി ...

ഞാന്‍ പോയി ഉച്ചക്ക് വരാം ..

ഉള്ളില്‍ നിന്നും അറബിച്ചിയുടെ വിളി കേട്ടു ..അനസ് ..അനസ് ..കം ഹിയര്‍ ..

യേസ് മേഡം ...വാട്ട്‌ കാന്‍ ഐ ടു ഫോര്‍ യു ...പഠിച്ച ഇംഗ്ലീഷ് മുഴുവനും പുറത്തെടുക്കുക തന്നെ ..പഠിക്കാത്തതിന്റെ വിഷമം ഇപ്പോഴാണ് മനസ്സിലായത്‌ ..പത്താം ക്ലാസ്സെങ്കിലും പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ എന്ന് ഒരു നിമിഷം ആലോചിച്ചുപോയി .

അറബിച്ചി : അയാം ലത്തീഫ ..ഓണര്‍ ഓഫ് ദിസ്‌ ഷോപ്പ് .. ദിസ്‌ മൊബൈല്‍ ഫോര്‍ യു .അതില്‍ നൂറു ദിര്‍ഹംസ് എല്ലാ മാസവും വരും ..ഇതാണ് നമ്പര്‍ 050XXXXXXX..ശമ്പളം രണ്ടായിരം ദിര്‍ഹംസാണ് ..എല്ലാ മാസവും ഒന്നാം തിയ്യതിക്ക് നിനക്ക് അത് ലഭിക്കും.. ഇവിടെ ഒരാള്‍ കൂടി ഉണ്ട് ഒരു പാകിസ്ഥാനിയാണ് മിസ്ടര്‍ ഹിദായത്തുള്ള ഖാന്‍ ..നിനക്ക് ഹിന്ദി അറിയുമോ

അനസ്‌ : യെസ് മേഡം ..

ഓക്കേ എന്നാല്‍ അയാള്‍ നിനക്ക് ഒരു കൂട്ടാവും ...ജോലിയൊക്കെ ജ്യേഷ്ടന്‍ പറഞ്ഞു തന്നില്ലേ .

അനസ്‌ : യെസ് മേഡം

ഒക്കെ എന്നാല്‍ അവിടെ പോയി ഇരുന്നോളൂ ...ഹിദായത്തുള്ള ഇപ്പോള്‍ വരും .

ഈ യെസ് മേഡം അല്ലാതെ വേറെ എന്തെങ്കിലും പറയണമായിരുന്നു ..എന്ത് പറയാന്‍ ..എന്തെങ്കിലും അറിഞ്ഞിട്ടു വേണ്ടേ .

പറഞ്ഞതുപോലെ ഒരു പട്ടാണി അവിടേക്ക് കയറി വന്നു ഒരു അജാനുബാഹു ..അയാള്‍ സലാം ചൊല്ലി അനസ് സലാം ‍ മടക്കി ..

ആപ് നയാ അയാഹെ ..

ജിഹാ ..ഹം ഇതര്‍ നയാഹെ ..ആപ് ഹിദായത്തുള്ള ഹെ

ജി

ഹോ കുറച്ചു ഹിന്ദി പഠിച്ചത് വലിയ ഉപകാരമായി

മുറിയന്‍ ഹിന്ദി ആണെങ്കിലും തട്ടിമുട്ടി ഒപ്പിക്കാന്‍ കഴിയും ..

അവന്‍ നേരെ ഒരു റൂമിലേക്ക്‌ പോയി അവിടെ നിന്നും രണ്ടു ചായ ഉണ്ടാക്കി

ചായ കുടിക്കുമ്പോള്‍ ഒരു സംശയം അറബിച്ചിക്ക് ചായ വേണ്ടേ ...

വേണ്ട ..വേണമെങ്കില്‍ ചോദിക്കുമെന്ന് പട്ടാണി പറഞ്ഞു തന്നു ..കൂടെ ചായ ഉണ്ടാക്കാനോക്കെ അറിയുമോ എന്നൊരു ചോദ്യവും .പെട്ടെന്ന് പഞ്ചാബി ഹൌസിലെ ചില രംഗങ്ങളാണ് ഓര്‍മ്മ വന്നത് ..

ഇല്ല , അറിയില്ല .........എന്നാല്‍ ഇടയ്ക്കിടെ ചായ കൂട്ടി പഠിക്കണം ..അറബിച്ചി ഗാവയാണ് കുടിക്കാറു ..

ഗാവയോ അതെന്താ ..അതൊക്കെ പിന്നീട് പറഞ്ഞു തരാം നീ ആദ്യം ചായ കുടിക്കു എന്നിട്ട് ഈ ബ്രഷും തുണിയും എടുത്തു ആ ഭാഗമൊക്കെ വൃത്തിയാക്കു

മൊത്തം വൃത്തിയാക്കുമ്പോള്‍ ഉച്ചയാവുമോ ? എല്ലാം നല്ല രീതിയില്‍ തന്നെ തുടച്ചു വൃത്തിയാക്കി ..ഇടയ്ക്കിടെ ഓരോ അറിബികള്‍ അവിടെ വരുന്നുണ്ട് ..അവരെയൊക്കെ മേഡം തന്നെയാണ് അറ്റന്‍ഡ് ചെയ്യുന്നത് .പട്ടാണി ഒരു ഫ്ലാസ്കില്‍ നിന്നും വരുന്നവര്‍ക്ക് ഒരു ചെറിയ കപ്പില്‍ എന്തോ നല്‍കുന്നുണ്ട് ..ഗാവയായിരിക്കും ..

അറബിച്ചി ഇടക്കിടെ എന്നോട് ചിരിക്കുന്നു ..എന്തിനായിരിക്കും ..ഇഷ്ടപ്പെട്ടിട്ടായിരിക്കും ..

ജ്യെഷ്ടനെ കണ്ടപ്പോളാണ് മണി ഒന്നര ആയെന്നു മനസ്സിലായത്‌ ..സമയം പോയതറിഞ്ഞില്ല ..

മേഡം പോവാന്‍ ഒരുങ്ങി ...എല്ലാവരും പുറത്തിറങ്ങി ..എന്നോട് തന്നെ പൂട്ടാന്‍ പറഞ്ഞു ...പൂട്ടി താക്കോല്‍ മേഡത്തിന്റെ കയ്യിലെല്‍പ്പിച്ചു ...

മേഡം : നാലര മണിക്ക് തന്നെ ഇവിടെ എത്തണം

അനസ് : യെസ് മേഡം ...

അവര്‍ ചിരിച്ചു .....

ജ്യേഷ്ടന്‍ : വാ നമുക്ക് റൂമിലേക്ക്‌ പോവാം .

അനസ് :പട്ടാണി എവിടെ ?

ജ്യേഷ്ടന്‍ : അവന്‍ പൂട്ടിയ ഉടനെ സ്ഥലം വിട്ടു ..

റോഡിന്റെ രണ്ടു ഭാഗവും അടിപൊളി ബില്‍ഡിങ്ങുകള്‍ .റൂമിലേക്ക്‌ കുറെ നടക്കണം ...നടന്നാല്‍ മാത്രമേ വഴി മനസ്സിലാവുകയുള്ളൂ ജ്യേഷ്ടന്‍ വേഗത്തില്‍ നടക്കുന്നുണ്ട് ..ഇടയ്ക്കു സിഗ്നലില്‍ കുറച്ചു സമയം .വീണ്ടും നടത്തം ...മുകളില്‍ റൌണ്ട് ആയിട്ടുള്ള ഒരു ബില്‍ഡിംഗ് കാണിചിട്ട്

ജ്യേഷ്ടന്‍ : അതാണ്‌ എത്തിസലാത് അതിന്റെ അടുത്താണ് റൂം .. അതും നോക്കി നടന്നാല്‍ വഴി തെറ്റില്ല

എല്ലാം വളരെ വിചിത്രമായി തോന്നി ..എവിടെ നോക്കിയാലും ആളുകളും വണ്ടികളും .

ഇവരൊക്കെ നമ്മളെ പോലെ പണിയും കഴിഞ്ഞു പോവുന്നവരോ മറ്റോ ആയിരിക്കും

ജ്യേഷ്ടന്‍ ഒരു ഹോട്ടലില്‍ കയറി .. ഇന്ന് നമുക്ക് ഹോട്ടലില്‍ ‍ നിന്നും ഭക്ഷണം കഴിക്കാം

നിനക്ക് എന്താണ് വേണ്ടത്

അനസ്‌ : ബിരിയാണി

ജ്യേഷ്ടന്‍ : വേണ്ട ഞാന്‍ ഓര്‍ഡര്‍ ചെയ്യാം ..നീ ഇവിടെത്തെ കുബ്ബൂസും കബാബും തിന്നിട്ടില്ലല്ലോ .അത് കഴിക്കാം

ചൂടോടെ കുബ്ബൂസും സലാഡും കൊണ്ട് വന്നു ..പിന്നാലെ ചിക്കന്‍ കബാബും ഗ്രില്ലെട് ചിക്കനും .

അടിപൊളി ...

അവിടെ നിന്നും ഇറങ്ങിയപ്പോള്‍ രണ്ടര മണി കഴിഞ്ഞു .

റൂമില്‍ അവരൊക്കെ ഉറങ്ങിയിട്ടുണ്ടാവും ..നമ്മള്‍ താമസിച്ചു ..വേഗം വാ ..ജ്യെഷ്ടന്റെ വാക്കുകളില്‍ പരിഭവം

എന്തിനെയോ ഭയക്കുന്നത് പോലെ

ലിഫ്റ്റില്‍ കയറിയിട്ടും ജ്യേഷ്ടന്‍ ഒന്നും മിണ്ടിയില്ല ..എന്തോ ആലോചിക്കുന്നത് പോലെ ....

നാലാമത്തെ ഫ്ലോര്‍ എത്തിയപ്പോള്‍ ഇറങ്ങി...

റൂം നമ്പര്‍ ഫോര്‍ നോട്ട് ഫോര്‍ ..ജ്യേഷ്ടന്‍ ശബ്ദമുണ്ടാക്കാതെ മെല്ലെ .അകത്തേക്ക് കടന്നു ..ഒന്നും കാണാന്‍ കഴിയുന്നില്ല ..അവന്റെ കൈ പിടിച്ചാണ് നടക്കുന്നത് ....

പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത് ..........



തുടരും

No comments:

Post a Comment